ചൊവ്വന്നൂരില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

147

കുന്നംകുളം ചൊവ്വന്നൂരില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വന്നൂര്‍ സ്വദേശി വട്ടേക്കോട്ടില്‍ വീട്ടില്‍ 60 വയസ്സുള്ള രമേശ്, തമിഴ്‌നാട് ചിദംബരം സ്വദേശി 29 വയസ്സുള്ള ത്യാഗരാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച്ച രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തിലൂടെ നടന്നു പോവുകയായിരുന്ന കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാലിനുള്‍പ്പെടെ പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെയും ബൈക്ക് യാത്രികനെയും കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.