കടങ്ങോട് പഞ്ചായത്ത് മണ്ടംപറമ്പില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളില്‍ പന്നികളുടെ ദയാവധം ആരംഭിച്ചു. ജില്ലാ മൃഗ സംരക്ഷണ വകുപ്പിന്റേയും കടങ്ങോട് പഞ്ചായത്തിന്റേയും വെറ്റിനറി ആശുപത്രിയുടേയും നേതൃത്വത്തിലാണ് കള്ളിംഗ് ഓപ്പറേഷന്‍ നടത്തുന്നത്. മണ്ടംപറമ്പ് പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള അഞ്ച് ഫാമുകളിലെ 300 ല്‍ അധികം പന്നികളേയാണ് കൊന്നൊടുക്കുന്നത്. എപ്പിഡമിക്ക് പ്രോട്ടോകോള്‍ പ്രകാരം ആര്‍.ആര്‍.ടി പ്രവര്‍ത്തകരാണ് പന്നികളെ വധിക്കുന്നത്. കുന്നംകുളം അസി.പ്രൊജക്ട് ഓഫീസര്‍ ഡോ.സുബിന്‍ കോലാടി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.അനീഷ് രാജ്, ഡോ.മനോജ് തെറ്റയില്‍, ഡോ.അനൂപ് ജിയോ ജോസ്, ഡോ.സാം എബ്രഹാം എന്നിവര്‍ കളളിംഗ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.



