ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സുജ ടീച്ചര്‍ ക്ലാസ് മുറിയില്‍ പകര്‍ന്ന അറിവിന് കാലം അതിരായില്ല. ആ ഓര്‍മ്മകള്‍ക്ക് ഇനി സ്‌കൂള്‍ മുറ്റത്ത് ഒരു മാവിന്റെ തണലുമുണ്ടാകും.ഒരിക്കല്‍ അറിവിന്റെ തണലില്‍ വിദ്യാര്‍ഥികളെ ചേര്‍ത്തുനിര്‍ത്തിയ അധ്യാപികയ്ക്ക്, വര്‍ഷങ്ങള്‍ക്കിപ്പുറം വിദ്യാര്‍ഥികള്‍ ഒരുക്കിയത് മറ്റൊരു തണലാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു അധ്യാപികയായിരിക്കെ വിടപറഞ്ഞ കെ.സി. സുജയുടെ ഓര്‍മ്മയ്ക്കായാണ് പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ മാവ് നട്ടത്.2019-ല്‍ സര്‍വീസിലിരിക്കെയാണ് സുജ ടീച്ചര്‍ മരിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടീച്ചറുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന 2007, 2009 കൊമേഴ്‌സ് എ ബാച്ചിലെ വിദ്യാര്‍ഥികളാണ് സ്‌നേഹസ്മരണയായി മാവ് നട്ടത്.’ചന്ദ്രക്കാരന്‍’ എന്ന നാടന്‍ ഇനം മാവാണ് സ്‌കൂള്‍ അങ്കണത്തില്‍ നട്ടത്. നിറയെ മാങ്ങകള്‍ ഉണ്ടാവുകയും ധാരാളമായി കൊഴിഞ്ഞു വീഴുകയും ചെയ്യുന്ന ഇനമാണ് ഈ മാവ്. കൊഴിഞ്ഞുവീഴുന്ന ഓരോ മാങ്ങയും ആ അധ്യാപികയുടെ സ്‌നേഹത്തിന്റെ മധുരമായി മാറും. വെറുമൊരു വൃക്ഷത്തൈ നടീലല്ലായിരുന്നു അത്. അവിടെ മുളച്ചു പൊന്തുന്നത്
ഒരു അധ്യാപികയോടുള്ള സ്‌നേഹവും ഓര്‍മ്മയും കൂടിയായിരുന്നു. ഇതോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം ഗുരുവായൂര്‍ എ.സി.പി. എം. സുരേന്ദ്രന്‍ അനാച്ഛാദനം ചെയ്തു. പ്രിന്‍സിപ്പല്‍ എം. ജയശ്രീ, അധ്യാപകരായ കെ.കെ. മനോജ്, പി. ഉഷ, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികളായ വിഷ്ണു പ്രസാദ്, സജീഷ് സി.എസ്, പ്രജിത അജിത് തുടങ്ങിയവര്‍ സംസാരിച്ചു.



