28.8 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu ‘വിഷന്‍ 2030’ പദ്ധതിയുമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ; ഉദ്ഘാടനം 29ന്

‘വിഷന്‍ 2030’ പദ്ധതിയുമായി അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ; ഉദ്ഘാടനം 29ന്

9

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 29 ന് നടക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ന് രാവിലെ 9.30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, അധ്യാപക ശാക്തീകരണം സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് വിഷന്‍ 2030 ആവിഷ്‌കരിച്ചിട്ടുള്ളത്.നാല് പതിറ്റാണ്ടിലേറെ നീണ്ട അന്‍സാര്‍ സ്‌കൂളിന്റെ ഈ യാത്ര, ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ മാത്രം ചരിത്രമല്ല; അറിവിനോടും മൂല്യങ്ങളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ ചരിത്രം കൂടിയാണ്.പെരുമ്പിലാവിന്റെ മണ്ണില്‍ ഒരു സ്വപ്നമായി വിതച്ച അന്‍സാര്‍ ഇന്ന് അറിവിന്റെയും മൂല്യങ്ങളുടെയും മികവിന്റെയും വിശാലമായൊരു ലോകമായി വളര്‍ന്നിരിക്കുന്നു.ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസവും മാറുകയാണ്. സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഡിജിറ്റല്‍ സാധ്യതകളും ലോകത്തിന്റെ പഠനരീതികളെ തന്നെ മാറ്റിമറിക്കുന്ന കാലമാണിത്.ഈ പുതിയ കാലത്ത് വളരുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് അറിവിനൊപ്പം ഡിജിറ്റല്‍ നൈപുണ്യം, സര്‍ഗാത്മകത, വിമര്‍ശനാത്മക ചിന്ത, ആശയവിനിമയശേഷി, നേതൃത്വഗുണം, സഹകരണ മനോഭാവം, ആഗോള അവബോധം തുടങ്ങിയ കഴിവുകളും അനിവാര്യമാണ്.അതുകൊണ്ടുതന്നെ, മാറുന്ന ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും നിരന്തരം നവീകരിക്കപ്പെടണം.
രക്ഷിതാക്കള്‍ ഇന്ന് പ്രതീക്ഷിക്കുന്നത് മികച്ച അക്കാദമിക് ഫലങ്ങള്‍ മാത്രമല്ല. കൂടുതല്‍ സുതാര്യവും കാര്യക്ഷമവുംപ്രതികരണശേഷിയുള്ളതും പ്രൊഫഷണലുമായ ഒരു വിദ്യാഭ്യാസാനുഭവമാണ് ആഗ്രഹിക്കുന്നത്. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുക എന്നത് ഉത്തരവാദിത്തം മാത്രമല്ല, പ്രതിബദ്ധത കൂടിയാണെന്ന് സ്‌കൂള്‍ ഡയറക്ടര്‍ ഡോ നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാങിത റസാക്ക്, ചീഫ് ഓപ്പറേഷന്‍സ് മാനേജര്‍ പി. എ. ഷഹീദ്, ജൂനിയര്‍ പ്രിന്‍സിപ്പല്‍ എം. എം ഷബിത, ജനറല്‍ കണ്‍വീനര്‍ എം. എ കമറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!