കേരള സർവകലാശാലയിൽ ഗുരുതര വീഴ്ച. അധ്യാപകൻ്റെ കയ്യിൽ നിന്ന് ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് വീണ്ടും പരീക്ഷയെഴുതാൻ 71 വിദ്യാർത്ഥികള്‍ക്ക് നിർദേശം നൽകി. എംബിഎ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് ഈ ദുരവസ്ഥ. മൂന്നാം സെമസ്റ്റർ പരീക്ഷയാണ് വീണ്ടും എഴുതേണ്ടത്. ഈ വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയും എഴുതിയിരുന്നു. ഒരുപാട് കുട്ടികൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്.
ഏപ്രിൽ 7-ന് വീണ്ടും പരീക്ഷ എഴുതണമെന്ന ഇ-മെയിലാണ് വിദ്യാർത്ഥികൾക്ക് കിട്ടിയത്. മൂന്നും നാലും സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. വരുന്ന വഴിയിൽ ഉത്തരക്കടലാസ് കാണാതായി എന്നാണ് അധ്യാപകൻ പറയുന്നത്. വിഷയം സിൻഡിക്കേറ്റ് പരിശോധിച്ചു. വീണ്ടും പരീക്ഷയെഴുതുക എന്നതല്ലാതെ വേറെ വഴിയില്ലെന്ന് പരീക്ഷാ കൺട്രോളർ റിപ്പോർട്ടറിനോട് പറഞ്ഞു.