ഈ മാസം 28, 29, 30 തീയതികളില്‍ നടത്താന്‍ തീരുമാനിച്ച ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് പിന്‍വലിച്ചു.
യുഎഫ്ബിയുവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.ബെഫി, എ.ഐ.ബി . ഇ.എ, എഐബി.ഒ.സി, എന്‍.സി.ബി.ഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു.വാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. സെപ്റ്റംബര്‍ 11 നും യു.എഫ്.ബി.യു പണിമുടക്ക് നടത്തിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ത്രിദിന പണിമുടക്കിന് യുഎഫ്ബിയു ആഹ്വാനം ചെയ്തിരുന്നത്.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയില്‍ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബാങ്കുകളുടെ പ്രവൃത്തിദിനം അഞ്ചാക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ (ഐബിഎ) തീരുമാനമെടുത്തിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെയും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ലേബര്‍ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബര്‍ 15 ന് ചേരും.



