വേലൂര്‍ പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

മഴക്കെടുതി വേലൂര്‍ പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. തയ്യൂര്‍ പള്ളിക്ക് സമീപം താസിക്കുന്ന കുടുംബങ്ങളെയാണ് വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്നാണ് തയ്യൂര്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.തയ്യൂര്‍ മഠപറമ്പിന് സമീപമുള്ള വെള്ളം ഒഴുകുന്ന തോട് നികത്തി റോഡാക്കിയതിനെ തുടര്‍ന്നാണ് മഴവെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയുണ്ടായത്. തയ്യൂര്‍ മഠം അധികൃതര്‍ തോട് നികത്തിയതായി കാണിച്ച് പ്രദേശവാസികള്‍ മുമ്പ് പല തവണ തഹസില്‍ദാര്‍ക്കും വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചാണ് തോടടച്ച് കോണ്‍ക്രീറ്റ് ഇട്ട് റോഡ് നിര്‍മ്മിച്ചത്. ശക്തമായ മഴയെ തുടര്‍ന്ന് കുന്നില്‍ നിന്നും വനപ്രദേശത്ത് നിന്നും ഒഴുകി വരുന്ന വെള്ളം വീടുകളിലേക്ക് കയറുകയായിരുന്നു. പൊതു പ്രവര്‍ത്തകനായ യേശുദാസ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബിയുടെ നേതൃത്വത്തില്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയായിരുന്നു. പോലീസും വില്ലേജ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്യാമ്പിലെത്തി. എരുമപ്പെട്ടി, തയ്യൂര്‍, ആലുക്കല്‍ ചിറഭാഗത്ത് പുഴയില്‍ നിന്ന് വെള്ളം കയറിയതിനെ തുടര്‍ന്ന് പാലത്തിന് സമീപം താമസിക്കുന്ന ഒരു കുടംബത്തിനെ വാര്‍ഡ് മെമ്പര്‍ എം.സി ഐജുവിന്റെ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചു