കേരള കലാമണ്ഡലത്തില്‍ സംഗീത സെമിനാര്‍ നാളെ

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തിന്റെ, സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ കേരള കലാമണ്ഡലം കൂത്തമ്പലത്തില്‍ സംഗീത സെമിനാര്‍ നടത്തും. കലാമണ്ഡലത്തിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറില്‍ സംഗീത വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും പങ്കെടുക്കാം. രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ പത്തിനു കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഡോ. ബി. അനന്തകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് അധ്യക്ഷനാകുന്ന ചടങ്ങിനു കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. പി.രാജേഷ്‌കുമാര്‍ സ്വാഗതമാശംസിക്കും. ശബ്ദലേഖനത്തിലെ നൂതന സങ്കേതങ്ങള്‍ എന്ന വിഷയത്തില്‍ പ്രശസ്ത ശബ്ദലേഖന വിദഗ്ധന്‍ ആര്‍.സജി പ്രബന്ധം അവതരിപ്പിക്കും. സംഗീത സംവിധായകന്‍ മനു രമേശന്‍ തത്സമയ ശബ്ദലേഖന സങ്കേതങ്ങള്‍ പരിചയപ്പെടുത്തും. സംഗീത വിഭാഗം അസി.പ്രൊഫസര്‍ ഡോ. കെ. മണികണ്ഠന്‍ സെമിനാര്‍ നിയന്ത്രിക്കും.

ADVERTISEMENT