വിവര സാങ്കേതിക വിദ്യയുടെ വിസ്ഫോടന മാറ്റങ്ങള്‍ക്കൊപ്പം കേരളവിഷനും മുന്നേറ്റത്തിന് തയ്യാറെടുക്കയാണെന് കെ.സി.സി.എല്‍. ചെയര്‍മാന്‍ കെ. ഗോവിന്ദന്‍ പറഞ്ഞു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഗുരുവായൂര്‍ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇന്റര്‍നെറ്റ് വിനിമയ രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചു നല്‍കുവാന്‍ വിതരണ ശ്ര്യഘലയിലും സാങ്കേതിക വിദ്യയിലും അടിമുടി മാറ്റം വരുത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേബിള്‍ ടിവി മേഖല വലിയ കുതിച്ചുചാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. വരും ദശകങ്ങളിലെ സാങ്കേതിക മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. അടുത്ത 30 വര്‍ഷത്തെ വികസന സാധ്യതകള്‍ ലക്ഷ്യമിട്ടാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ ഫെസിലിറ്റേഷന്‍ സെന്ററില്‍ മേഖല പ്രസിഡന്റ് ആര്‍.എച്ച്. ഹാരിസ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് ഹാരിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി ഹംസ ഷെമീം അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെ.സി. ജെയിംസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ എ.ജെ. അജോ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എം.കെ. സമദ് ഓഡിറ്റ് റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി പി. ആന്റണി ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി.ഡി. സുഭാഷ്, കെ.സി.സി.എല്‍. ഡയറക്ടര്‍ വി.പി. ബിജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എ. ബൈജു, പി.എം. നാസര്‍, മേഖല വൈസ് പ്രസിഡന്റ് ടി.എസ്. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



