തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിലെ മെല്ലെപ്പോക്കിനും രൂക്ഷമായ ഗതാഗതക്കുരുക്കിനുമെതിരെ എ.സി മൊയിതീന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കുന്നംകുളം എംഎല്‍എയുടെ നിസ്സംഗതക്കെതിരെ എന്ന തലക്കെട്ടില്‍ കടവല്ലൂര്‍ – കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ചേര്‍ന്നാണ് മാര്‍ച്ച് നടത്തിയത്. പട്ടാമ്പി റോഡില്‍ നിന്നാംരംഭിച്ച മാര്‍ച്ച് നെഹ്‌റുനഗറിലെ എംഎല്‍എ ഓഫീസിനു സമീപത്തു പോലിസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞു. തുടര്‍ന്നു നടന്ന യോഗം മുന്‍ എംഎല്‍എ എം പി വിന്‍സെന്റ് ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി ബി രാജീവ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക് ഭാരവാഹികളും പ്രാദേശിക നേതാക്കളും പ്രതിഷേധത്തിന് നേതൃത്വം നല്‍കി.