ചാവക്കാട് നഗരസഭയിലെ വിവാദ ഭൂമിയില്‍ ആരംഭിച്ച പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സി.ആര്.സെഡ് (CRZ) പരിധിയില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പുതിയ നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.കഴിഞ്ഞ ദിവസം നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍, മത്സ്യ-മാംസ മാര്‍ക്കറ്റിനായി ഈ ഭൂമി ഉയര്‍ന്ന വില നല്കി വാങ്ങാന്നു എന്ന് ആരോപിച്ചു പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ പൊതുഅവധി ദിവസങ്ങള്‍ മുതലെടുത്ത് നഗരസഭയുടെ മൗനാനുവാദത്തോടെ സ്ഥലത്ത് പുതിയ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചതെന്നും ഇവര്‍ ആരോപിച്ചു. നഗരസഭ തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് ഉയര്‍ന്ന തുകയ്ക്ക് ഈ സ്ഥലം വാങ്ങാന്‍ പദ്ധതിയിടുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അനധികൃതമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്കി.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനീഷ് പാലയൂര്‍, ചാവക്കാട് മണ്ഡലം ഭാരവാഹികളായ നാസര്‍ കോനായില്, ആര്. കെ. നവാസ്, എ. എം. നജീബ്, കെ. ബി. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.



