സ്ത്രീകളുടെ മോര്‍ഫ് ചിത്രം വില്‍പന കേസില്‍ നിര്‍ണായക കോടതി ഇടപെടല്‍; ഇരയെ കേള്‍ക്കാതെ പ്രതി അനന്തുവിന് ജാമ്യമില്ല.അയല്‍വാസികളായ 70-ലേറെ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ അവരുടെ സമ്മതമില്ലാതെ ശേഖരിച്ച് മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി അനന്തുവിന്റെ ജാമ്യാപേക്ഷയില്‍, മറ്റൊരു ഇരയ്ക്ക് കൂടി കക്ഷിചേരാന്‍ കുന്നംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. പ്രതിയുടെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഉത്തരവ് പ്രഖ്യാപിക്കാനിരിക്കെയാണ് കേസിലെ മറ്റൊരു ഇരയായ സ്ത്രീ അഭിഭാഷകന്‍ മുഖേന കക്ഷിചേരാന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഇരയ്ക്ക് ജാമ്യഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിക്കാനും വാദം കേള്‍പ്പിക്കാനും അവകാശമുണ്ടെന്നും, ഇരയുടെ വാദം കേള്‍ക്കാതെ ജാമ്യാപേക്ഷയില്‍ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.ഹര്‍ജി പരിഗണിച്ച കോടതി ഇരയുടെ വാദം പ്രാഥമികമായി അംഗീകരിച്ച് ജാമ്യാപേക്ഷയില്‍ കക്ഷിചേരുന്നതിനും ജാമ്യത്തിന് എതിരായ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും വിശദമായ വാദം അവതരിപ്പിക്കുന്നതിനും അനുമതി നല്‍കി. ഇതോടെ, തിങ്കളാഴ്ച ഇരയുടെ ഭാഗം കേട്ടശേഷം മാത്രമേ പ്രതിയായ അനന്തുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കൂ.



