പരിസ്ഥിതി സംരക്ഷണവും നാടിന്റെ ശുചിത്വവും മുന്‍നിര്‍ത്തി എടക്കഴിയൂര്‍ എസ്.എസ്.എം.വി.എച്ച്.എസ്.എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റും അഫയന്‍സ് ക്ലബ്ബും സംയുക്തമായി തീരദേശ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴു മണിക്ക് എടക്കഴിയൂര്‍ അഫയന്‍സ് ബീച്ച് പാര്‍ക്കില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബീച്ചില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് എ എസ് ഐ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. അഫയന്‍സ് ക്ലബ് പ്രസിഡന്റ് സിദ്ധി അധ്യക്ഷത വിച്ചു.പഞ്ചായത്ത് മെമ്പര്‍മാരായ സലിം ആച്ചപുള്ളി , നസീറ അഹമ്മദ്,പി ടി എ പ്രസിഡന്റ് മുജീബ് പുളിങ്കുന്നത്ത്, സ്കൂള്‍ ഹെഡ്മാസ്റ്റര് ജോഷി ജോര്‍ജ് സലീം തങ്ങള്‍, അഫയന്‍സ് സെക്രട്ടറി മണി എന്നിവര്‍ സംസാരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് തീരപ്രദേശം സംരക്ഷിക്കുക, പരിസ്ഥിതി അവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ശുചിത്വ തീരം, സുന്ദര തീരം’ എന്ന സന്ദേശമുയര്‍ത്തി ക്യാമ്പയിന് നടത്തിയത്. ബീച്ച് പാര്‍ക്ക് പരിസരത്തെ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, മറ്റ് അജൈവ മാലിന്യങ്ങള്‍ എന്നിവ കേഡറ്റുകളും ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറി. സ്കൂളിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ പി കെ സിറാജുദീന്‍ പി എം ഷജീന, ടിന്റു ടീച്ചര്‍, അഫയന്‍സ് ക്ലബ്ബ് ഭാരവാഹികള്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.



