സംഘപരിവാറിന്റെ രാഷ്ട്രീയ കുതന്ത്രം പരാജയപ്പെടുത്താന്‍ ഇടതു ഭരണ തുടര്‍ച്ചക്കെതിരെ കേരളം വിധിയെഴുതണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ സജീദ് ഖാലിദ്. പാര്‍ട്ടി കുന്നംകുളം മണ്ഡലം തിരഞ്ഞെടുപ്പ്
കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തെ വീണ്ടും അധികാരത്തില്‍ നിലനിര്‍ത്തി തങ്ങള്‍ക്ക് അനുകൂലമായ സാമൂഹികാന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള സംഘപരിവാര്‍ പദ്ധതി പരാജയപ്പെടുത്തണം. സംഘപരിവാര്‍ നടത്തിയ നുണപ്രചരണങ്ങളെ തടയാതെ മൗനം പാലിക്കുകയും വിദ്വേഷ പ്രചാരകരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം പ്രസിഡണ്ട് പിഎ ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.കെ അസ്ലം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി സി എം ഷെരീഫ്, മണ്ഡലം സെക്രട്ടറി എം.എ കമറുദ്ദീന്, കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ അനീസ് എന്നിവര്‍ സംസാരിച്ചു. ഇടത് ദുര്‍ഭരണത്തെ പിഴുതെറിയാര് മുഴുവന്‍ ജനാധിപത്യവിശ്വാസികളും യുഡിഎഫിനെ പിന്തുണക്കണമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി പി ടി അജയ്മോഹന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും കാട്ടകാമ്പല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ. ജയശങ്കര്‍, മുസ്ലിം ലീഗ് നേതാക്കളായ കരീം പന്നിത്തടം, ഉസ്മാന് കല്ലാട്ടയില്‍, സത്താര്‍ ആദൂര്‍ എന്നിവര്‍ പങ്കെടുത്തു. കണ്‍വെന്‍ഷനില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിടി അജയ് മോഹനെ മണ്ഡലം പ്രസിഡണ്ട് പി.എ ബദറുദ്ദീന്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാര്‍, വിമന്‍ ജസ്റ്റിസ്, ഫ്രറ്റേണിറ്റി, ടീം വെല്‍ഫെയര്‍, എഫ് ഐ ടി യു, പ്രവാസി വെല്‍ഫെയര്‍ ഫോറം, കെട്ടിട നിര്‍മ്മാണ തൊഴിലാളി യൂണിയന് തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിയെ ഹാരാര്പ്പണമണിയിച്ചു.



