ഗുരുവായൂര്‍ ക്ഷേത്ര നടയിലെ വൈജയന്തി കെട്ടിടത്തില്‍ തീപിടുത്തം. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ആരോഗ്യ വിഭാഗത്തിന്റെ സ്റ്റോര്‍ റൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെ സ്റ്റോര്‍ റൂമില്‍ നിന്നും വലിയ തോതില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത്ത് ലാലിന്റെ നേതൃത്വത്തില്‍ അരമണിക്കൂറിനുള്ളില്‍ തീപൂര്‍ണമായും അണച്ചു. സ്റ്റോര്‍ റൂമിലുണ്ടായിരുന്ന ബ്ലീച്ചിങ് പൗഡര്‍, സോപ്പുപൊടി തുടങ്ങിയ ശുചീകരണ സാമഗ്രികളും, ദേവസ്വം പ്രസിദ്ധീകരണങ്ങളും, മരത്തിന്റെ മേശയും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



