നാടിന്റെ സൗഹൃദവും കൂട്ടായ്മയും വിളിച്ചോതി കുന്നംകുളം ജവഹര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരത്തില്‍ ലൈറ്റ് & സൗണ്ട് അസോസിയേഷനും നഗരസഭ കുടുംബശ്രീ യൂണിറ്റും ചാമ്പ്യന്മാരായി. കുന്നംകുളം നഗരസഭ, സീനിയര്‍ എഡിറ്റേഴ്‌സ് ഫോറം, ചേംബര്‍ യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം ഒരുക്കിയത്.
ആവേശം അണപൊട്ടിയ ജനറല്‍ വിഭാഗം പോരാട്ടത്തില്‍ ചേംബര്‍ യൂത്ത് വിംഗിനെ കീഴടക്കിയാണ് ലൈറ്റ് & സൗണ്ട് അസോസിയേഷന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചേംബര്‍ യൂത്ത് വിംഗ് രണ്ടാം സ്ഥാനം നേടി.കാണികളുടെ വന്‍ പിന്തുണയോടെ നടന്ന വനിതാ വിഭാഗം മത്സരത്തില്‍ നഗരസഭാ വനിതാ കൗണ്‍സിലര്‍മാരുടെ ടീമിനെ പരാജയപ്പെടുത്തി നഗരസഭ കുടുംബശ്രീ യൂണിറ്റ് ജേതാക്കളായി. വനിതാ കൗണ്‍സിലര്‍മാരുടെ ടീമിനാണ് രണ്ടാം സ്ഥാനം.നാടിന്റെ വിവിധ മേഖലകളിലുള്ളവരെ കോര്‍ത്തിണക്കി സംഘടിപ്പിച്ച മത്സരത്തില്‍ മുപ്പതോളം പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍, പോലീസ്, ഫയര്‍ & റെസ്‌ക്യൂ, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രാദേശിക ടീമുകളുടെയും പങ്കാളിത്തം മത്സരത്തിന് ആവേശം കൂട്ടി. ജവഹര്‍ സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയ നൂറുകണക്കിന് നാട്ടുകാരുടെ സാന്നിധ്യം വടംവലി മത്സരത്തെ വലിയൊരു ജനകീയ ഉത്സവമാക്കി മാറ്റി.



