പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം തളളിയ മാലിന്യം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് വീട്ടുടമക്ക് നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിന് റോഡരികില്‍ നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ വിഭാഗം ക്‌ളീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.എസ്.ഷീബ, പി.പി വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും മാലിന്യത്തില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച ആളെ തിരിച്ചറിയുകയും ചെയ്തു. ബാംഗ്ലൂര്‍ ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പാല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയത്. തുടര്‍ന്ന് നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടില്‍ ഏല്‍പ്പിക്കുകയും ഇയാള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കുകയും ചെയ്തു.