24.3 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും; ഓൺലൈൻ ഡെലിവറിയുമില്ല

പാചക വാതക വില വ‍ർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും; ഓൺലൈൻ ഡെലിവറിയുമില്ല

കേന്ദ്ര സ‍ർക്കാരിൻ്റെ വാണിജ്യ പാചക വാതക വില വ‍ർധനവിനെതിരെ പ്രതിഷേധിക്കാൻ ഹോട്ടലുടമകൾ.  24 മണിക്കൂർ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും.

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ അടക്കം 24 മണിക്കൂർ അടച്ചിടും. ഓൺലൈൻ ഡെലിവറിയും ഉണ്ടാകില്ല.

 

19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് പ്രതിഷേധ പണിമുടക്ക്. ഉയർത്തിയ പാചക വാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുമെന്നും പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ അടക്കമുള്ള നിരവധി വ്യാപാര സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പാചക വാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേന്ദ്രസർക്കാർ വില വർധന നടപ്പിലാക്കിയത്. ഒറ്റയടിക്ക് ഇത്രയധികം വില വര്‍ധിപ്പിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി. മുംബൈയില്‍ എല്‍പിജി വില 2,031 രൂപയില്‍ നിന്ന് 3,024 രൂപയായി വര്‍ധിച്ചു. 3,085 രൂപയാണ് കൊച്ചിയിൽ ഇന്ന് പ്രാബല്യത്തില്‍ വന്ന വില. തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ്. ഹോട്ടല്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ അടക്കമുള്ളവയ്ക്ക് വലിയ ആഘാതമാണ് വില വർധനവ് ഉണ്ടാക്കുന്നത്.

ADVERTISEMENT
error: Content is protected !!