ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്ര കലാ പുരസ്‌കാരം പ്രശസ്ത നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം ആചാര്യ കലാമണ്ഡലം ഗിരിജാ ദേവിയ്ക്ക് സമ്മാനിച്ചു. മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.മുരളീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്. ഭക്തരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ആചാര – അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന ദേവസ്വം ഭരണസമിതികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗുരുവായൂര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ സര്‍ക്കാരുമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പുരസ്‌കാര നിര്‍ണയ സമിതി അംഗം ഉഷാ നങ്ങ്യാര്‍, ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,അഡ്മിനിസ്‌ട്രേറ്റര്‍ എസ്. ഹരിഗോപാല്‍, പ്രസിദ്ധീകരണ വിഭാഗം മാനേജര്‍ കെ.ജി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.



