പോലിസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കുന്നംകുളം സ്‌റ്റേഷനിലെ പോലിസുകാര്‍ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആര്‍ത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പില്‍ ജനാര്‍ദ്ദന പ്രഭുവിന്റെ ഭാര്യ 54 വയസുളള ശ്രീദേവിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെ ആര്‍ത്താറ്റ് പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജില്‍, ജ്യോതിഷ് എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പോലിസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്ക്  സീബ്രാ ക്രോസിലൂടെ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു.  പരിക്കേറ്റ ശ്രീദേവിയ ഉടന്‍തന്നെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പ്രവേശിപ്പിച്ചിരുന്നു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. ശ്രീദേവിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ശനിയാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്രീദേവി ഇന്ന് പുലര്‍ച്ചയാണ് മരിച്ചത്.

ADVERTISEMENT