30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Guruvayur ഗുരുവയൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷം

ഗുരുവയൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷം

12

ഗുരുവയൂര്‍ ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. രാവിലെ 8:30 മുതല്‍ 9 വരെയുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. നിറയ്ക്കാവശ്യമായ ആയിരത്തിലധികം നെല്‍ക്കതിര്‍ക്കറ്റകള്‍ ഇന്നലെ രാവിലെ തന്നെ ക്ഷേത്രസന്നിധിയില്‍ എത്തിച്ചിരുന്നു. അടിയന്തിരപ്രവൃത്തിക്കാരായ പത്തുകാര്‍ വാര്യന്മാര്‍ രാവിലെ കിഴക്കേ ഗോപുരത്തിന് മുന്‍വശം ശുദ്ധമാക്കിയശേഷം അരിമാവണിഞ്ഞ് വലിയ നാക്കിലകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് അഴീക്കല്‍, മനയം എന്നീ പാരമ്പര്യ അവകാശകുടുംബങ്ങളിലെ അംഗങ്ങള്‍ കതിര്‍ക്കറ്റകള്‍ തലചുമടായി കൊണ്ടുവന്ന് മൂന്ന് തവണ വലംവെച്ച ശേഷം നാക്കിലയില്‍ സമര്‍പ്പിച്ചു. ശാന്തിയേറ്റ കീഴ്ശാന്തി കൊടക്കാട് കൃഷ്ണന്‍ നമ്പൂതിരി കതിര്‍ക്കറ്റുകളില്‍ തീര്‍ത്ഥം തളിച്ച് ശുദ്ധിവരുത്തിയ ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കീഴടം വാസുദേവന്‍ നമ്പൂതിരി ഉണങ്ങലരിയിട്ട ഓട്ടുരുളിയില്‍ ആദ്യകതിര്‍ക്കറ്റകള്‍ വെച്ച് ഉരുളി തലയിലേറ്റി നാലമ്പലത്തിലേക്ക് എഴുന്നെള്ളിച്ചു. ഇദ്ദേഹത്തിനു പിന്നാലെ 13 കീഴ്ശാന്തി കുടുംബങ്ങളിലെ 60 ഓളം കീഴ്ശാന്തി നമ്പൂതിരിമാരും കതിര്‍ക്കറ്റകളുമായി അനുഗമിച്ചു. ഗുരുവായൂരപ്പന് മുന്നിലെ നമസ്‌കാരമണ്ഡപത്തില്‍ ഭഗവാന് ദര്‍ശിക്കാന്‍ തക്കവിധം കതിര ക്കറ്റുകള്‍ സമര്‍പ്പിച്ചു. ആല്, മാവ്, പ്ലാവ്, അല്ലി, ഇല്ലി, ഒടിച്ചുകുത്തി, ദശപുഷ്പം തുടങ്ങിയ നിറക്കോപ്പുകളുമായി അലങ്കാരമൊരുക്കി. തന്ത്രിയുടെ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി തെക്കും പറമ്പത്ത് നാരായണന്‍ നമ്പൂതിരി
കതിര്‍ക്കറ്റുകളില്‍ ലക്ഷ്മീനാരായണപൂജ നടത്തി. ഇതിനുശേഷം ചൈതന്യവത്തായ കതിര്‍ ഒരു പിടി പട്ടില്‍ പൊതിഞ്ഞ് ഗുരുവായൂരപ്പന്റെ പാദങ്ങളില്‍ സമര്‍പ്പിച്ച് ശ്രീലകത്ത് ചാര്‍ത്തിയതോടെ ഇല്ലംനിറ ചടങ്ങ് പൂര്‍ത്തിയായി. പൂജിച്ച നെല്‍ക്കതിരുകള്‍ പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. കതിരുകള്‍ വാങ്ങാന്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഇല്ലം നിറയുടെ തുടര്‍ച്ചയായ തൃപ്പൂത്തിരി ഓഗസ്റ്റ് 30ന് നടക്കും. പുതുനെലിന്റെ അരികൊണ്ട് പായസമുണ്ടാക്കി ഗുരുവായൂരപ്പന് നിവേദിക്കുന്ന ചടങ്ങാണ് തൃപ്പുത്തരി.

ADVERTISEMENT
error: Content is protected !!