നവീകരിച്ച ചാട്ടുകുളം നാടിന് സമര്‍പ്പിച്ചു

മഴ കൂടുതലായിട്ടും കേരളം കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ നിന്ന് പുറത്തുവരാന്‍ ജലസംഭരണികള്‍ സംരക്ഷിക്കുകയും ഭൂഗര്‍ഭജലം സമ്പുഷ്ടമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചാട്ടുകുളം നവീകരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചാട്ടുകുളം പരിസരത്ത് വെച്ച് നടന്ന ചടങ്ങില്‍ എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വര്‍ഷങ്ങളായി ചെളിനിറഞ്ഞും, കരകള്‍ ഇടിഞ്ഞും ശോചനീയാവസ്ഥയിലായിരുന്ന ചാട്ടുകുളം എ.സി മൊയ്തീന്‍ എം.എല്‍.എയുടെ ശ്രമഫലമായി 2.69 കോടി രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുന്നംകുളം നഗരത്തില്‍ നിന്ന് ഏകദേശം 3.5 കിലോമീറ്റര്‍ അകലെയായി കുന്നംകുളം ഗുരുവായൂര്‍ റോഡിന് സമീപം സ്ഥിതിചെയ്യുന്ന ഏകദേശം നാല് ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ചാട്ടുകുളം കുന്നംകുളം നഗരസഭയിലെ ജലാശയങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ ജല സംഭരണശേഷി വീണ്ടെടുക്കുന്നതിനായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കം ചെയ്യുകയും കുന്നംകുളം ഗുരുവായൂര്‍ റോഡിനോട് ചേര്‍ന്നുള്ള പടിഞ്ഞാറു ഭാഗം ഒഴികെ മൂന്നുവശവും കരിങ്കല്ലുകെട്ടി സംരക്ഷിച്ച് കുളത്തിന്റെ കിഴക്കും, തെക്കും ഭാഗങ്ങളില്‍ കടവുകള്‍ നിര്‍മ്മിച്ച് നിലവിലുണ്ടായിരുന്ന പടിഞ്ഞാറു ഭാഗത്തെ കരിങ്കല്‍ക്കെട്ട് നിലനിര്‍ത്തി ക്കൊണ്ടുതന്നെ കോണ്‍ക്രീറ്റ് കാന്റിലിവര്‍ നടപ്പാത നിര്‍മ്മിച്ച് സുരക്ഷിതമാക്കുകയും, കുളത്തിന് ചുറ്റും ടൈല്‍സ് പാകി നടപ്പാത പണിത് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൈവരികള്‍ പിടിപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കി ആകര്‍ഷകമാക്കിയിട്ടുമുണ്ട്. വിശ്രമത്തിനായി സ്റ്റീല്‍ ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. കുളത്തിന് ചുറ്റും അലങ്കാരവിളക്കുകളും നിരീക്ഷണ ക്യാമറകളും കൂടി സ്ഥാപിക്കും.

ചാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതോടെ പ്രദേശത്തെ ജലലഭ്യത ഉറപ്പുവരുത്തുവാനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കഴിയും. വിനോദ സഞ്ചാരികള്‍ക്ക് നയന മനോഹരമായ കാഴ്ച സമ്മാനിക്കാനും സാധിക്കും. ജലസ്രോതസ്സിനെ സംരക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയൊരു പാത സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഡോ. പി.എസ്. കോശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ കെ.കെ മുരളി, ബിജു സി ബേബി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കരാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT