27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk മാര്‍ച്ചില്‍ എല്‍പിജി ഉപഭോഗത്തില്‍ ഇടിവ്; ഡീസല്‍, പെട്രോള്‍ ഉപഭോഗം ഉയര്‍ന്നു

മാര്‍ച്ചില്‍ എല്‍പിജി ഉപഭോഗത്തില്‍ ഇടിവ്; ഡീസല്‍, പെട്രോള്‍ ഉപഭോഗം ഉയര്‍ന്നു

ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിന് മാർച്ച് മാസം ഏകദേശം 16% പ്രതിമാസ ഇടിവും 13% വാർഷിക കുറവും രേഖപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്താവാണ് ഇന്ത്യ. നിലവിൽ 21മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38മില്യൺ ടണ്ണിലാണ് എല്‍പിജി ഉപഭോഗം രേഖപ്പെടുത്തിയത്. അതേസമയം ഇന്ധന ഉപഭോഗത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡീസൽ ഉപഭോഗം 8.73ടണ്ണായി ഉയർന്നപ്പോൾ പെട്രോൾ ഉപഭോഗം 3.78ടണ്ണുമായി റെക്കോർഡ് ഉയർച്ചയാണ് ഉണ്ടായത്. ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്‌ലേറ്റുകളിൽ തിരക്കേറിയിരുന്നു.

അതേസമയം മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം 2025നെക്കാൾ ആറു ശതമാനം വർധിച്ച് 33.21മില്യൺ ടണ്ണിലെത്തി. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഉയർച്ചയാണിത്. ആവശ്യമുള്ള എൽപിജിയുടെ 60 ശതമാനവും നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഫെബ്രുവരിയിൽ രണ്ട് മില്യൺ ടണ്ണിൽ നിന്നും ഇറക്കുമതി മാർച്ച് ആയപ്പോഴേക്കും 1.1മില്യണായി കുറഞ്ഞു.

എല്‍പിജി പ്രതിസന്ധിയെ തുടർന്ന് പെട്രോളിയം മന്ത്രാലയം പിഎൻജി പദ്ധതിക്ക് ഊന്നൽ നൽകിയിട്ടുണ്ട്. മാർച്ച് മാസത്തിൽ മൂന്ന് ലക്ഷത്തിലധികം പേർ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ ഏകദേശം ആറു മുതൽ ഏഴു ലക്ഷം പുതിയ ഉപഭോക്താക്കൾ പിഎൻജിയിൽ ചേരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

മാർച്ചിലെ ഡീസൽ ഉപഭോഗം 14 ശതമാനം പ്രതിമാസ വർധനയും എട്ടു ശതമാനം വാർഷിക ഉയർച്ചയുമായി 8.73 മില്യൺ ടണ്ണെന്ന റിക്കാർഡ് ഉയരത്തിലെത്തി. ഇതിനു മുന്പുള്ള ഉയർന്ന നിരക്ക് 2025 മെയ് മാസത്തിലെ 8.57 മില്യൺ ടണ്ണാണ്. അതേസമയം പെട്രോളിൻറെ ഉപഭോഗം 12 ശതമാനം പ്രതിമാസ ഉയർച്ചയും ഏകദേശം എട്ടു ശതമാനം വാർഷിക വർധനയുമായി 3.78 മില്യൺ ടണ്ണിലെത്തി. ഇതിനു മുന്പുള്ള ഉയർന്ന നിരക്ക് കഴിഞ്ഞ വർഷം മെയിലെ 3.78 മില്യൺ ടണ്ണാണ്.

ADVERTISEMENT
error: Content is protected !!