ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ബാധിതനായി പാലിയേറ്റീവ് ചികിത്സയില്‍ ആയിരുന്നു. 1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു ജനനം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു കെകെ കൊച്ച്.എഴുത്തുകാരനായും ചിന്തകനായും മികച്ച പ്രാസംഗികനായും സമൂഹത്തില്‍ വലിയ ഇടപെടലുകള്‍ നടത്തിയിരുന്നു. 2021ല്‍ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു. ‘ദലിതന്‍’ എന്ന ആത്മകഥ ശ്രദ്ധേയമാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, കേരള ചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റ് കൃതികള്‍.കെഎസ്ആര്‍ടിസിയിലെ സീനിയര്‍ അസിസ്റ്റന്റ് ആയാണ് കെകെ കൊച്ച് വിരമിച്ചത്. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കിയിരുന്ന കെകെ കൊച്ച് 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.