പെരുമ്പിലാവ് – കുറ്റിപ്പുറം സംസ്ഥാന പാതയിൽ കടവല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കരിക്കാട് സ്വദേശികളായ ഷെഫീക്ക് (29), ഷെജീർ (33) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.45-ഓടെ കടവല്ലൂർ പാടത്തിന് സമീപമായിരുന്നു അപകടം.. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട മാരുതി നെക്സ കാർ ഡിവൈഡറിൽ ഇടിച്ചുകയറി റോഡിൽ തലകീഴായി മറിഞ്ഞു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയതായി ദൃക്സാക്ഷികൾ പറഞ്ഞു.
കാറിലുണ്ടായിരുന്ന ഷെഫീക്കിനെയും ഷെജീറിനെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നിർത്താതെ പോയ ലോറിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



