29.1 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Chavakkad കര്‍ക്കിടക വാവുബലി ; പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍

കര്‍ക്കിടക വാവുബലി ; പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍

23

പിതൃതര്‍പ്പണത്തിന് പേരു കേട്ട ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരക്കണക്കിന്  വിശ്വാസികള്‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ തന്നെ ബലിതര്‍പ്പണത്തിനായി വിശ്വാസികളുടെ വലിയ നിരയാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ മേല്‍ശാന്തി സുമേഷ് ശാന്തിയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം പരികര്‍മ്മികളുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ബലിതര്‍പ്പണത്തിനായി എത്തിയവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രസമിതി ഒരുക്കിയിരുന്നത്. പഞ്ചവടി വാകടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ രണ്ട് പന്തലുകളിലായി ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ടായിരുന്നു. മറ്റ് ജില്ലകളില്‍ നിന്നടക്കം എത്തിയവര്‍ക്ക് താമസസൗകര്യവും, വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും നല്‍കി.ഇതിനുപുറമേ ബലിയിടല്‍ കഴിഞ്ഞ് വരുന്നവര്‍ക്ക് കുളിക്കാനുള്ള സൗകര്യം, വസ്ത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനുള്ള സൗജന്യ ക്ലോക്ക് റൂം സംവിധാനം എന്നിവയും ബലിതര്‍പ്പണശാലയ്ക്ക് സമീപം ഒരുക്കിയിരുന്നു. ബലിയിടാനെത്തിയ പതിനായിരത്തിലധികം പേര്‍ക്ക് സൗജന്യ പ്രഭാതഭക്ഷണവും വിതരണം ചെയ്തു.തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ബാരിക്കേടുകള്‍ സ്ഥാപിച്ചിരുന്നു. ചാവക്കാട് പോലീസ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍, ആംബുലന്‍സ് വിഭാഗം എന്നിവരുടെ സേവനവും സുരക്ഷയ്ക്കായി സ്ഥലത്തുണ്ടായിരുന്നു.ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് വാക്കയില്‍ വിശ്വനാഥന്‍, സെക്രട്ടറി താമരശ്ശേരി വിക്രമന്‍, വേഴമ്പറമ്പത്ത് രാജന്‍, പാലപ്പെട്ടി ദിലീപ് കുമാര്‍, താമരശ്ശേരി വിനയദാസ്, പി.ആര്‍. വാസു, കെ.എസ്. ബാലന്‍, ജയപ്രകാശ് കാടാമ്പുള്ളി, മനീഷ് ചന്ദനപ്പറമ്പില്‍, ഷനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!