മണലിയില്‍ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണ സ്ഥലത്ത് മാലിന്യകൂമ്പാരം

 

കഴിഞ്ഞ ദിവസം നടന്ന കെട്ടിട നിര്‍മ്മാണോദ്ഘാടനത്തിന് ചായ കൊടുത്ത കപ്പുകളും തോരണങ്ങളുമുള്‍പ്പെടെയാണ് ഇവിടെ അലക്ഷ്യമായി തള്ളിയിരിക്കുന്നത്. ചേലോടെ ചൂണ്ടല്‍ എന്ന പേരില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ചൂണ്ടല്‍ പഞ്ചായത്തിലാണ് അധികൃതരുടെ അനാസ്ഥമൂലം മാലിന്യം തളളിയിരിക്കുന്നത്. പൊതു ജനങ്ങളോ സ്ഥാപനങ്ങളോ മാലിന്യം തള്ളിയാല്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കുന്നത് ആരോഗ്യ വിഭാഗമാണ്. ഇതേ ആരോഗ്യ വകുപ്പിന് കീഴിലുള്ള സബ്ബ് സെന്ററിന്റെ നിര്‍മ്മാണ സ്ഥലത്താണ് മാലിന്യം അലക്ഷ്യമായി തള്ളിയിരിക്കുന്നത്. ചടങ്ങ് സംഘടിപ്പിച്ചവരുടെ അനാസ്ഥയാണ് ഇത്തരമൊരു സാഹചര്യത്തിനിടയാക്കിയത്. വേലി തന്നെ വിളവ് തിന്നുന്നതിന് സമാനമായ സ്ഥിതിവിശേഷമാണ് മാലിന്യം അലക്ഷ്യമായി ഉപേക്ഷിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടവര്‍ തന്നെ നിയമ ലംഘനം നടത്തുന്നത് നീതികരിക്കാവുന്നതല്ല.