കുന്നംകുളത്തിന് അനന്യമായ കലാചാരുതയുടെ മായാമുദ്രകള്‍ സമ്മാനിച്ച ഉപജില്ല കലോത്സവത്തില്‍ ബഥനി സെന്റ് ജോണ്‍സിന് ഓവറോള്‍ കിരീടം. 627 പോയിന്റുമായാണ് ബഥനി ഉപജില്ല കലാകിരീടം നിലനിര്‍ത്തിയത്. എല്ലാ വിഭാഗങ്ങളിലും ആധിപത്യം പുലര്‍ത്തിയ ബഥനി സെന്റ് ജോണ്‍സ് മറ്റ് വിദ്യാലയങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആദ്യദിവസം പോയിന്റ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മികവാര്‍ന്ന പ്രകടനത്തോടെ രണ്ടാം സ്ഥാനം നേടി. 438 പോയിന്റാണ് കോണ്‍കോഡ് സ്വന്തമാക്കിയത്. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് & സെന്റ് സിറില്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 371 പോയിന്റോടെ മൂന്നാമതെത്തി. ആര്യാപാടം സര്‍വ്വോദയം സ്‌കൂള്‍ 293 പോയിന്റോടെ 4-ാം സ്ഥാനവും, കരിക്കാട് അല്‍-അമീനും, കുന്നംകുളം മോഡല്‍ ബോയ്സ് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും 278 പോയിന്റോടെ 5-ാം സ്ഥാനവും നേടി.
വൈകീട്ട് ടൗണ്‍ഹാളില്‍ നടന്ന സമാപന സമ്മേളനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍ സൗമ്യ അനിലന്‍ അധ്യക്ഷയായി. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍, കലോത്സവ സംഘാടക സമിതിയുടെ വിവിധ കമ്മറ്റി ഭാരവാഹികള്‍, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ടി.എം.മുഹമ്മദ് മുബാറക്, ആതിഥേയവിദ്യാലയങ്ങളിലെ പ്രധാനഅധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കലോത്സവ വിജയികളെ ഉപഹാരം നല്‍കി ആദരിച്ചു. കലോത്സവം ജനറല്‍ കണ്‍വീനറും, മോഡല്‍ ബോയ്സ് പ്രിന്‍സിപ്പലുമായ പി.ജെ.ജ്യോതി സ്വാഗതവും, റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ടോം നന്ദിയും പറഞ്ഞു.



