ഏഴു മാസത്തോളമായി പ്രവര്‍ത്തനരഹിതമായ വാതകശ്മശാനത്തില്‍ റീത്ത് വെച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

ഏഴു മാസത്തോളമായി പ്രവര്‍ത്തനരഹിതമായ കുന്നംകുളം നഗരസഭ വാതകശ്മശാനത്തില്‍ റീത്ത് വെച്ച് ബി.ജെ.പി. കൗണ്‍സിലര്‍മാരുടെ പ്രതിഷേധം.
വാതകശ്മശാനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ നഗരസഭാ ഭരണസമിതി തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ബിജെപി കൗണ്‍സിലര്‍മാര്‍ റീത്ത് വച്ച് പ്രതിഷേധിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് മേഖലയിലുണ്ടായ മിന്നല്‍ ചുഴലിയിലാണ് ശ്മശാനത്തിന്റെ പുകക്കുഴല്‍ ഒടിഞ്ഞുവീണത്. പിന്നീട് നിരവധിതവണ കൗണ്‍സിലില്‍ ആവശ്യം ഉന്നയിച്ചിട്ടും നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. ശ്മശാനത്തിനു മുന്നില്‍ ചേര്‍ന്ന പ്രതിഷേധയോഗം ബിജെപി കൗണ്‍സിലറും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ കെകെ മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനുവദിച്ചാല്‍ ശ്മശാനത്തിന്റെ കേടുപാടുകള്‍ പരിഹരിക്കാന്‍ ബിജെപി തയ്യാറാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ.കെ മുരളി പറഞ്ഞു.

ADVERTISEMENT