ശാരീരിക പരിമിതികള്‍ നേരിടുന്ന പ്രായമായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്നു

കുന്നംകുളത്ത് വീണ്ടും കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ശാരീരിക പരിമിതികള്‍ നേരിടുന്ന പ്രായമായ സ്ത്രീയുടെ ലോട്ടറി ടിക്കറ്റുകള്‍ കവര്‍ന്നു . കുന്നംകുളം നഗരസഭ ഓഫീസിന് സമീപം വണ്‍വേ റോഡില്‍ ആര്‍ക്കും ദയനീയത തോന്നുന്ന വിധം ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട് ഉപജീവനം നയിക്കുന്ന ശാരീരിക അവശത നേരിടുന്ന കാണിപ്പയ്യൂര്‍ കിഴക്കൂട്ടയില്‍ ശാന്തകുമാരിയുടെ വില്‍പ്പനക്കായി വച്ചിരുന്ന ടിക്കറ്റുകളാണ് ശനിയാഴ്ച്ച രാവിലെ ലോട്ടറി വാങ്ങാനെന്ന വ്യാജേനെ അഞ്ജാതന്‍ കവര്‍ന്നത്. നമ്പറുകള്‍ നോക്കാനെന്നു പറഞ്ഞു ടിക്കറ്റുകള്‍ വാങ്ങുകയും പിന്നീട് തിരിച്ചു നല്‍കുമ്പോള്‍ കഴിഞ്ഞ ദിവസം നറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റുകളാണ് തിരിച്ചു നല്‍കിയത്. പിന്നീട് ടിക്കറ്റ് വാങ്ങാന്‍ വന്നവര്‍ പറഞ്ഞപ്പോഴാണ് ശാന്തകുമാരിക്ക് തട്ടിപ്പ് മനസ്സിലായത്. ശാന്തകുമാരി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുകയും ചെയ്തു. നറുക്കെടുക്കാനിരുന്ന 40 രൂപ വിലയുള്ള 51 കാരുണ്യ ടിക്കറ്റുകളായിരുന്നു നഷ്ടപ്പെട്ടത്. റേഡരികില്‍ ഒരു കസേരയില്‍ കുനിഞ്ഞിരുന്ന് കുട ചൂടി ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ഇവരുടെ ദയനീയത എല്ലാവര്‍ക്കും അറിയാവുന്നതാണ്. പലരും സഹായിച്ചിട്ടാണ് ഇവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇതിനിടെയാണ് അഞ്ജാതന്റെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. ശാന്തകുമാരിയുടെ പരാതിയില്‍നഗരത്തിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.