പെരുമ്പിലാവ് ഒറ്റപിലാവില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. ബൈക്കിലെത്തിയ അജ്ഞാതനാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20 നായിരുന്നു സംഭവം. ഒറ്റപ്പിലാവ് പാലവളപ്പില്‍ ഹൈദരാലിയുടെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് കൃഷിസ്ഥലം മറച്ചിരുന്ന തുണിയും, ചുറ്റുവേലിയും, വാഴകള്‍ എന്നിവയും കത്തി നശിച്ചു. കൃഷിയിടത്തിലെ മോട്ടോര്‍ ഷെഡില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.