അപൂര്‍വ കുളവെട്ടി മരങ്ങളുടെ വനം ഇനി കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്തിലും. പന്നിശ്ശേരി ഉജാല സഹ്യാദ്രിയില്‍ ഒരുക്കുന്ന കുളവെട്ടി തോട്ടത്തില്‍ തൈ നടീലും, ജീവജീനിയസ് പുരസ്‌കാരം സമര്‍പ്പണവും നടന്നു.പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന സാജുമാത്യു മാസ്റ്ററുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ജീവജീനിയസ് പുരസ്‌കാരം സമര്‍പ്പണത്തിന്റെ ഭാഗമായാണ് കുളവെട്ടി മരങ്ങള്‍ വെച്ച് പിടിപ്പിച്ചത്. പുരസ്‌കാരത്തിന് അര്‍ഹനായ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.യു.രാധാകൃഷ്ണന്‍ മാസ്റ്ററുടെ താല്‍പര്യപ്രകാരമാണ് കണ്ടാണശ്ശേരി പഞ്ചായത്തില്‍ ജലസംഭരണ ശേഷിയുള്ളതും അപൂര്‍വവുമായ കുളവെട്ടി മരങ്ങളുടെ വനം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് ഭരണാധികാരികളും, സാജു മാത്യു മാസ്റ്റര്‍ ട്രസ്റ്റും മുന്നോട്ട് വന്നത്.വി.യു.രാധാകൃഷ്ണന്‍ മാസ്റ്റാര്‍ തനിയ്ക്ക് ലഭിച്ച പുരസ്‌കാര തുക, ഈ ഉദ്യമത്തിനായി സംഭാവന ചെയ്യാന്‍ തയ്യാറാകുകയായിരുന്നു. . പന്നിശ്ശേരിയിലെ ഉജാല – സഹ്യാദ്രിയുടെ ആരാമത്തില്‍ കുളവെട്ടി വനം സജ്ജമാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി. സജീപ് അധ്യക്ഷനായി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോ.പി. വി. ആന്റോയാണ് പദ്ധതിയുടെ സാങ്കേതിക ഉപദേഷ്ടാവ്. പ്രത്യേക സംരക്ഷണ കേന്ദ്രപദവിയുള്ള വൃക്ഷമാണ് കുളവെട്ടിമരം. ലോകത്തില്‍ ആകെ 300 മരങ്ങളാണ് ഉള്ളത് . അതില്‍ പകുതിയിലേറെയും കുന്നംകുളം കലശമലയിലാണ്.



