മഴയില്‍ പാടത്തേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യം കര്‍ഷകര്‍ക്ക് വിനയാകുന്നു

മഴയില്‍ പാടത്തേക്ക് ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും കര്‍ഷകര്‍ക്ക് വിനയാകുന്നു. പഴഞ്ഞി അരുവായി ദേവി നഗര്‍ തോട്ടിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പാടശേഖരത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്. മുണ്ടകന്‍ കൃഷി ഇറക്കുന്നതിന് മുന്‍പ് മാലിന്യങ്ങളെല്ലാം മാറ്റേണ്ട അവസ്ഥയാണ് കര്‍ഷകര്‍ക്ക്. മേഖലയിലെ വിവിധ കാനകളിലൂടെ ഒഴുകിയെത്തുന്ന മാലിന്യം ദേവിനഗര്‍ തോട്ടിലൂടെയാണ് പാടത്ത് എത്തുന്നത്. ദേവിനഗര്‍ തോടു മുതല്‍ പൊന്നം വരെയുള്ള തോടു നവീകരണത്തിന് പദ്ധതിയിട്ടിരുന്നെങ്കിലും പണി ഇതുവരെയും തുടങ്ങിയില്ല. പലഭാഗത്തും തോടു നികന്ന് വെള്ളവും ഒപ്പം മാലിന്യങ്ങളും പാടത്തേക്ക് ഒഴുകുകയാണ്. പാടത്തേക്ക് മാലിന്യം എത്തുന്നത് തടയുന്നതോടൊപ്പം തോടു നവീകരണം പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.