സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി) കുന്നംകുളത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി

പണിയെടുക്കുന്നവരെ പട്ടിണിയാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ എ.ഐ.ടി.യു.സി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തി. പഴയ ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള ടാക്‌സി പാര്‍ക്കില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സംഘടന ജില്ലാ പ്രസിഡന്റ് സി.യു.ശാന്ത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് 3 മാസമായി കൂലി ലഭിക്കുന്നില്ലെന്നും, 4 വര്‍ഷമായി കൂലി വര്‍ദ്ധനവ് നടപ്പിലാക്കുന്നില്ലന്നും, മിനിമം വേതന പരിധിയില്‍ നിന്നും സ്‌കൂള്‍ പാചക തൊഴിലാളികളെ ഒഴിവാക്കാന്‍ ഉത്തരവിറക്കിയെന്നും, പ്രഖ്യാപിച്ച മിനിമം കൂലി എട്ടു വര്‍ഷമായിട്ടും നടപ്പിലാക്കിയിട്ടില്ലെന്നും, സര്‍ക്കാരിന്റെ ധനവിനിയോഗത്തില്‍ പാവങ്ങള്‍ക്ക് മുന്‍ഗണനയില്ലന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ടി.യു ശാന്ത പറഞ്ഞു. സിപിഐ കുന്നംകുളം മണ്ഡലം സെക്രട്ടറി കെ.ടി.ഷാജന്‍, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി പി.കെ.രവീന്ദ്രന്‍, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കെ.എം. മണികണ്ഠന്‍, രബിത സുരേഷ്, കെ.എ.ഷീല, അനിത അശോകന്‍ എന്നിവര്‍ സംസാരിച്ചു.