ദീര്‍ഘദൂര ബസ്സുകളുടെ അമിതവേഗം; നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു

പഴഞ്ഞി റോഡ് വഴി സംസ്ഥാനപാതയിലേക്കു പ്രവേശിക്കുന്ന ദീര്‍ഘദൂര ബസ്സുകളുടെ അമിതവേഗം കാരണം പൊറുതിമുട്ടിയ നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞ് പ്രതിഷേധിച്ചു. സംസ്ഥാനപാതയിലെ ഗതാഗത തടസ്സം മൂലം വഴി തിരിഞ്ഞു വരുന്ന വാഹനങ്ങളാണ് ഗ്രാമീണ റോഡുകളില്‍ അപകടഭീഷണി സൃഷ്ടിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 2 മണിക്കൂറോളം നാട്ടുകാര്‍ ബസ്സുകള്‍ തടഞ്ഞ് ജീവനക്കാരെ താക്കീത് ചെയ്തു.

സംസ്ഥാനപാത നവീകരണം നടക്കുന്നതിനാല്‍ അക്കിക്കാവ് മുതല്‍ കുന്നംകുളം വരെ കടുത്ത ഗതാഗത കുരുക്കുണ്ട്. ഇത് മറികടക്കാന്‍ അക്കിക്കാവ് പഴഞ്ഞി റോഡ് വഴി പോകുന്ന ബസുകള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടഭീഷണി ഉണ്ടാക്കുന്നുണ്ട്. ചെറിയ റോഡിലൂടെ ചീറിപ്പാഞ്ഞെത്തുന്ന ബസുകള്‍ ചെറിയ വാഹനങ്ങളെ ഒരു തരത്തിലും പരിഗണിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. അപകടകരമായി ഓവര്‍ടേക്ക് ചെയ്തും പിന്നില്‍ നിന്ന് ഇടതടവില്ലാതെ ഹോണടിച്ചുമാണ് ഇവര്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കുന്നത്. ഇതിനെതിരെയാണു നാട്ടുകാരുടെ പ്രതികരണം.

ADVERTISEMENT