ഗുരുവായൂരില്‍ ഐസ് മഴ പെയ്തതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

614

ഗുരുവായൂരില്‍ ഐസ് മഴ പെയ്തതായി സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മഴ പെയ്യുന്ന വീഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചാണ് പ്രചാരണം നടത്തുന്നത്. രണ്ട് മിനിറ്റും 8 സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയുടെ ആദ്യ നാല് സെക്കന്‍ഡില്‍ യഥാര്‍ത്ഥ ദൃശ്യങ്ങളാണ് ഉള്ളത്. ഈ സമയത്ത് ഐസ് വീഴുന്നതായി കാണുന്നില്ല. എന്നാല്‍ നാല് സെക്കന്‍ഡിനു ശേഷം വീഡിയോയുടെ വേഗതയില്‍ കുറവ് വന്നിട്ടുണ്ട്. ഈ ഭാഗം മുതലാണ് ഐസ് വീഴുന്നതായി തോന്നിക്കുന്നത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗതയും വളരെ കുറവാണ്. എന്നാല്‍ അവസാനത്തെ നാല് മിനിറ്റിലും കൃത്യമായ വേഗതയാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയത്ത് വാഹനങ്ങളുടെ വേഗതയും കൃത്യമാണ്. എന്തിനുവേണ്ടിയാണ് ഇത്തരത്തില്‍ വീഡിയോയില്‍ കൃത്രിമം കാണിച്ചിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. വീഡിയോ കണ്ട് വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഗുരുവായൂരിലേക്ക് ഫോണ്‍ വിളികളെത്തി. ഇത്തരത്തില്‍ വ്യാജ വീഡിയോ സൃഷ്ടിക്കുന്നവരെ കണ്ടെത്തി സൈബര്‍ ആക്ട് പ്രകാരം കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.