ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ നിന്ന് ചാടിയ ആള്‍ക്ക് രക്ഷകനായി പോലീസ്.

ആത്മഹത്യ ചെയ്യുന്നതിനായി കഴുത്തില്‍ കയറിട്ട് മരത്തില്‍ നിന്ന് ചാടിയ ആളെ പോലീസ് രക്ഷിച്ചു. കാട്ടകാമ്പാല്‍ ഐജി സ്‌കൂളിന് സമീപം താമസിക്കുന്ന പൊന്നരാശ്ശേരി ജോര്‍ജ് എന്നയാളാണ് കുന്നംകുളം പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.. തിങ്കളാഴ്ച വൈകീട്ട് വിഷുദിനത്തില്‍ ആയിരുന്നു സംഭവം. കാട്ടകാമ്പാല്‍ ഐഎച്ച്ആര്‍ഡി പി കോളനിയിലെ ഒരു പരാതി അന്വേഷിക്കുന്നതിനായി ആണ് കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഓഫീസര്‍മാരായ എ ജെ വര്‍ഗീസ് , ഷിബിന്‍ എന്നിവര്‍ സ്ഥലത്തെത്തിയത്. അപ്പോഴാണ് ഇവിടെ അടുത്തുള്ള ഒരാള്‍ ആത്മഹത്യ ഭീഷണി മുഴക്കി കൊണ്ട് കയറുമായി ഒഴിഞ്ഞ പറമ്പിലേക്ക് കയറി പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ വന്ന് പോലീസുകാരെ അറിയിച്ചത്. പോലീസുകാര്‍ ഓടിയെത്തിയ ഉടനെ ജോര്‍ജ് കഴുത്തില്‍ കയറിട്ട് മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. രണ്ടുപേരും ചേര്‍ന്ന് ഉടനെ ആളെ ഉയര്‍ത്തുകയും കഴുത്തിലെ കയര്‍ കൂടുതല്‍ കുരുങ്ങുന്നതിന് മുന്‍പ് മുറിച്ചു മാറ്റുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന ഇയാളെ ഉടനെ പോലീസ് വാഹനത്തില്‍ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചു. ജോര്‍ജ് ഇന്നലെ രാത്രിയോടെ തന്നെ അപകടനില തരണം ചെയ്തു. ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കുന്നംകുളം സ്റ്റേഷനിലെ ഈ രണ്ട് പൊലീസുകാരും.