പാസ്‌വേഡും ഒടിപിയും വേണ്ട, ഒന്നു തൊട്ടാൽ പണമടയ്ക്കാം, റേസർപേയുടെ വമ്പൻ മാറ്റം ഇന്നുമുതൽ

ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുമ്പോൾ ഇനി ഫോണിൽ മെസ്സേജ് വരാനും അത് നോക്കി ടൈപ്പ് ചെയ്യാനും കാത്തുനിൽക്കേണ്ടതില്ല. പ്രമുഖ പേയ്‌മെന്റ് ഗേറ്റ്‌വേയായ റേസർപേ അവതരിപ്പിച്ച പാസ്‌കീ എന്ന പുതിയ സംവിധാനത്തെക്കുറിച്ച് അറിയാം.

ഒ ടി പി വേണ്ട

നിങ്ങൾ ഓൺലൈനിൽ എന്തെങ്കിലും വാങ്ങുമ്പോൾ പണമടയ്ക്കാൻ നിലവിൽ ഫോണിലേക്ക് ഒ ടി പി വരും. ഇത് ടൈപ്പ് ചെയ്താലേ പേയ്‌മെന്റ് നടക്കൂ. എന്നാൽ പുതിയ സംവിധാനം അനുസരിച്ച്, നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ വിരലടയാളം അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് സെക്കൻഡുകൾക്കുള്ളിൽ പണമടയ്ക്കാം.

കൂടുതൽ സുരക്ഷ

ഇനി എസ്.എം.എസ് വരാൻ വൈകുന്നത് മൂലമുള്ള തലവേദനയില്ല. വൺ-ടാപ്പിലൂടെ പണമിടപാട് പൂർത്തിയാക്കാം. തട്ടിപ്പുകാർക്ക് നിങ്ങളുടെ ഒ ടി പി ഫോണിലൂടെയോ മറ്റോ ചോർത്താൻ എളുപ്പമാണ്. എന്നാൽ നിങ്ങളുടെ വിരലടയാളമോ മുഖമോ ഇല്ലാതെ ആർക്കും പണം പിൻവലിക്കാൻ കഴിയില്ല. ഇത് സൈബർ തട്ടിപ്പുകളെ തടയും.

ഒ ടി പി ടൈപ്പ് ചെയ്യുന്നതിനേക്കാൾ 50% വേഗത്തിൽ പാസ്‌കീ വഴി പേയ്‌മെന്റ് നടക്കും. പരാജയപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്. സുരക്ഷിതമായ പണമിടപാടുകൾക്കായി റിസർവ് ബാങ്ക് കൊണ്ടുവന്ന പുതിയ നിയമങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റം.

എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

നിങ്ങൾ ഒരു വെബ്സൈറ്റിലോ ആപ്പിലോ പണമടയ്ക്കുമ്പോൾ പാസ് കീ ഓപ്ഷൻ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഫോണിലെ ഫിംഗർപ്രിന്റ് സെൻസറിലോ ഫേസ് ലോക്കിലോ സ്പർശിക്കുക.

നിമിഷങ്ങൾക്കുള്ളിൽ പണം കൈമാറപ്പെടും.

ചുരുക്കത്തിൽ, ഓൺലൈൻ ബാങ്കിംഗ് ഇനി മുതൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ അൺലോക്ക് ചെയ്യുന്നത് പോലെ ലളിതവും സുരക്ഷിതവുമാകും.

ADVERTISEMENT