ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മിച്ച അലങ്കാരഗോപുരത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വ്വഹിച്ചു. പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാര്‍ മേനോനാണ് മൂന്നരക്കോടി രൂപ ചിലവിട്ട് അലങ്കാര ഗോപുരവും നടപന്തലും വഴിപാടായി നിര്‍മ്മിച്ചു നല്‍കിയത്. രണ്ട് നിലകളിലായി കേരളീയ വാസ്തു ശൈലിയിലാണ് പ്രവേശനകവാടമായി അലങ്കാരഗോപുരം നിര്‍മിച്ചിട്ടുള്ളത്. മൂന്ന് താഴികക്കുടങ്ങള്‍, കൊത്തുപണികളോടുകൂടിയ അഷ്ടദി ക്പാലകര്, വ്യാളീരൂപം, തൂണുകളില്‍ ഗുരുവായൂരപ്പന്റെ ചതുര്‍ബാഹുരൂപം, വെണ്ണക്കണ്ണന്, ദ്വാര പാലകര്‍ തുടങ്ങിയവയുമുണ്ട്. നടപ്പന്തല്‍ തൂണുകളില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത ദശാവതാരങ്ങളാണ്. വാസ്തു ആചാര്യന് കാണിപ്പയ്യൂര്‍ കൃഷ്ണന്‍നമ്പൂതിരിപ്പാടിന്റെ നിര്‍ദേശാനുസരണം ശില്‍പ്പി എളവള്ളി നന്ദന്റെ നേതൃത്വത്തില്‍ പെരുവല്ലൂര്‍ മണി കണ്ഠന്, സൗപര്‍ണിക രാജേഷ്, പാന്തറ വിനീത് കണ്ണന് തുടങ്ങിയവരാണ് നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്. വഴിപാട് സമര്‍പ്പണം നടത്തിയ വിഗ്നേഷ് വിജയകുമാറിനെയും നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ചവരെയും ദേവസ്വം ഉപഹാരം നല്കി ആദരിച്ചു. ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, ഭരണസമിതി അംഗങ്ങളായ വി.ജി. രവീന്ദ്രന്, കെ.പി. വിശ്വനാഥന്, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന് തുടങ്ങിയവര്‍ സംസാരിച്ചു.