27.2 C
Kunnamkulam
Saturday, July 25, 2026
Home Bureaus Guruvayur വര്‍ഷങ്ങളായി കണ്ണടച്ച് സുരക്ഷാ ക്യാമറകള്‍ ; പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍

വര്‍ഷങ്ങളായി കണ്ണടച്ച് സുരക്ഷാ ക്യാമറകള്‍ ; പുനഃസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍

ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലെ സുരക്ഷാ ക്യാമറകള്‍ കണ്ണടച്ചു. ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിച്ചതോടെ പ്രതികളെ കണ്ടെത്താന്‍ പോലീസ് ഇരുട്ടില്‍ തപ്പേണ്ട ഗതികേടിലാണ്.നഗരത്തിലെ പൊതുഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ക്യാമറയും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ പോലീസിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. നിലവില്‍ പോലീസിന് ആശ്രയം സ്വകാര്യ സ്ഥാപനങ്ങളിലെയും വീടുകളിലെയും ക്യാമറകളാണ്. ഇതിനായി സ്ഥാപനങ്ങളിലും വീടുകളിലും കയറിയിറങ്ങി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ട ഗതികേടിലാണ് പോലീസുള്ളത്. മുന്‍ എം.എല്‍.എ കെ.വി. അബ്ദുള്‍ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ക്യാമറകള്‍ സ്ഥാപിക്കുകയും, പോലീസ് സ്റ്റേഷനില്‍ ഇതിന്റെ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും ഈ ക്യാമറകളെല്ലാം വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ‘പ്രസാദ്’ പദ്ധതിയില്‍ ഒരു കോടിയോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തിന് ചുറ്റുഭാഗത്തും ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും, ഇതില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. അടുത്ത കാലത്തായി രണ്ട് കൊലപാതകങ്ങളാണ് ഗുരുവായൂരില്‍ നടന്നത്. ഇത് കൂടാതെ നിരവധി മോഷണങ്ങളും അടിപിടികളും വേറെയുമുണ്ട്. കൊലപാതകക്കേസുകളില്‍ മരിച്ചവരും പ്രതികളും തെരുവില്‍ കഴിഞ്ഞവരാണെന്നതും ശ്രദ്ധേയമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുറ്റവാളികള്‍ ഗുരുവായൂരില്‍ എത്തി താവളമാക്കുന്ന സ്ഥിതി വിശേഷവുമുണ്ട്. സുരക്ഷാ ക്യാമറകള്‍ പുനഃസ്ഥാപിച്ചാല്‍ ഇത്തരക്കാരെ കണ്ടെത്താന്‍ എളുപ്പമാണ്. കാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭ, ദേവസ്വം, സര്‍ക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.

ADVERTISEMENT
error: Content is protected !!