കുന്നംകുളത്തിന്റെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം : 19.90 കോടിയുടെ അമൃത് പദ്ധതി നിര്‍മാണം വേഗത്തിലാക്കും. നഗരസഭയില്‍ ചേര്‍ന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാ അതിര്‍ത്തിയില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി അമൃത് 2.0 പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച 19.90 കോടി രൂപയുടെ കുടിവെള്ള പദ്ധതി പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതിയിലൂടെ തൃത്താല വെള്ളിയാങ്കല്ലില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കൂറ്റനാട്ടെ ഒരേക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കും. പ്രതിദിനം 15 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് നിര്‍ദിഷ്ട പ്ലാന്റ്.കൂറ്റനാട് ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്ന് ശുദ്ധീകരിക്കുന്ന വെള്ളം കുന്നംകുളത്തെ വൈ.എം.സി.എ ടാങ്ക്, തൃശൂര്‍ റോഡിലുള്ള രണ്ട് ടാങ്കുകള്‍, കുറുക്കന്‍പാറയില്‍ നിര്‍മാണത്തിലിരിക്കുന്ന 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് എന്നിവയിലേക്ക് പമ്പ് ചെയ്യും. അവിടെ നിന്നാണ് നഗരസഭയിലെ വിവിധ വാര്‍ഡുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുക. കൂടാതെ, പദ്ധതിയുടെ ഭാഗമായി അടുപ്പൂട്ടിയില്‍ ഒരു പുതിയ വാട്ടര്‍ ടാങ്ക് കൂടി നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരസഭ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പൂര്‍ണ പരിഹാരമാകുമെന്ന് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പറഞ്ഞു. 2027 മാര്‍ച്ച് മാസത്തോടെ പദ്ധതിയുടെ 50 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ്, പദ്ധതിയുടെ ചുമതലയുള്ള വാട്ടര്‍ അതോറിറ്റി നാട്ടിക ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്ത്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.ജെ. ചാന്ദിനി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നീലിമ, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒ.ടി. ലിമി, മുനിസിപ്പല്‍ സെക്രട്ടറി കെ.കെ. മനോജ്, മുനിസിപ്പല്‍ എന്‍ജിനീയര്‍ ബിനയ് ബോസ്, അമൃത് പദ്ധതി കോര്‍ഡിനേറ്റര്‍ ഷാരോണ്‍, പദ്ധതി കരാറുകാരായ ഫിന്‍സ് എന്‍ജിനീയേഴ്സ് & കോണ്‍ട്രാക്ടേഴ്സ് പ്രതിനിധി സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Home Bureaus Kunnamkulam കുന്നംകുളത്തിന്റെ കുടിവെള്ളക്ഷാമത്തിന് പരിഹാരം; അമൃത് കുടിവെള്ള പദ്ധതി വേഗത്തിലാക്കാന്‍ തീരുമാനം



