കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച ചുറ്റുമതിലിന്റേയും പ്രവേശന കവാടത്തിന്റേയും ഉദ്ഘാടനം നടത്തി. കുന്നംകുളം എം.എല്‍.എ. എ.സി മൊയ്തീന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 29 ലക്ഷം രൂപ ചെലവഴിച്ചാണ് ആരോഗ്യ കേന്ദ്രത്തിന് ചുറ്റുമതിലും പ്രവേശന കവാടവും നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാവിലെ, മതിലിന്റെയും പ്രവേശന കവാടത്തിന്റേയും ഉദ്ഘാടനം എംഎല്‍എ എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മികച്ച രീതിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളാണ് ഉള്ളതെന്നും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരേയും, മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി സര്‍ക്കാരില്‍ എം.എല്‍.എ എന്ന നിലയില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.തുടര്‍ന്നു നടന്ന യോഗത്തില്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി രഘുനാഥ് മുഖ്യാതിഥിയായി. ചൊവ്വന്നൂര്‍ സബ് ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ടി.വി നൈജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.വി പ്രശാന്തന്‍, കടവല്ലൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ.പി ബിന്ദു, പ്രഭാത് മുല്ലപ്പിള്ളി, ഹസീന അഷ്‌റഫ്, വാര്‍ഡ് മെമ്പര്‍ ബിനി സുബാഷ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രജിത്ത് കുമാര്‍, റംഷിയ ഷിഹാബ്, ഘോഷ് പൂവത്തില്‍ എന്നിവര്‍ സംസാരിച്ചു. കടവല്ലൂര്‍ പഞ്ചായത്തു വൈസ് പ്രസിഡണ്ട് കെ.എം സലിം സ്വാഗതവും, ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ടി. ശ്രീകാന്ത് നന്ദിയും പറഞ്ഞു.



