23.9 C
Kunnamkulam
Sunday, August 9, 2026
Home CCTV Desk ആശ്വാസം.. സ്വര്‍ണ നാണയം ഇനി ധൈര്യമായി പണയം വയ്ക്കാം

ആശ്വാസം.. സ്വര്‍ണ നാണയം ഇനി ധൈര്യമായി പണയം വയ്ക്കാം

150

ഭരണത്തിന് പകരമായി സ്വര്‍ണനാണയം കൈവശമുണ്ടായിരുന്നവര്‍ക്ക് അത് പണയം വയ്ക്കുന്നതിലുളള അനിശ്ചിതത്വമാണ് മാറിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ആര്‍ബിഐ പുറത്തിറക്കിയ അന്തിമ വിജ്ഞാപനം അനുസരിച്ച് ബാങ്കുകളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയം മാത്രമല്ല ജൂവലറികളില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണനാണയവും ഇനി പണയം വയ്ക്കാം. പരമാവധി 50 ഗ്രാം മാത്രമേ സ്വര്‍ണനാണയം പണയം വയ്ക്കാവൂ എന്ന വ്യവസ്ഥ തുടരും.

സ്വര്‍ണ പണയ വായ്പയുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഇറക്കിയിരുന്ന കരട് വിജ്ഞാപനത്തിലെ പ്രധാന ആശങ്കകളാണ് ഇതോടെ മാറിക്കിട്ടിയത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്ക് ഇടപാടുകാരും പൊതുജനങ്ങളും ഉയര്‍ത്തിക്കാണിച്ച ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. ഈ തീരുമാനങ്ങള്‍ ഇടപാടുകാര്‍ക്കും സ്വര്‍ണ പണയ വായ്പ നല്‍കുന്ന ബാങ്കുകള്‍ അടക്കമുളള സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ആശ്വാസകരമാണ്.

പുതിയ നിര്‍ദേശം അനുസരിച്ച് സ്വര്‍ണത്തിന്റെ വിലയുടെ 85 ശതമാനം വരെ (LTV) വായ്പ ലഭിക്കും. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന 2.5 ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് ഈ ഉയര്‍ന്ന പരിധി. 2.5 ലക്ഷം വരെയുളള വായ്പകള്‍ക്ക് 80 ശതമാനം വരെയും 5 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 75 ശതമാനം വരെയും LTV ആവാം.

 

സ്വര്‍ണത്തിന്റെ ഉടമസ്ഥ അവകാശം തെളിയിക്കല്‍

സ്വര്‍ണാഭരണത്തിന്റെ ഉടമസ്ഥാവകാശത്തിന് സ്വര്‍ണം വാങ്ങിയ ബില്ല് കൊണ്ടുവരണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. പകരം പണയ സ്വര്‍ണം സ്വന്തമാണ് എന്ന പതിവ് ഡിക്ലറേഷന്‍ മതി. ഈ ഡിക്ലറേഷന്‍ സ്വര്‍ണം പണയം വയ്ക്കാനുള്ള അപേക്ഷയില്‍ ചേര്‍ത്താല്‍ മതി. പണയം വയ്ക്കുമ്പോള്‍ പണയാഭരണത്തിന്റെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ സര്‍ട്ടിഫിക്കറ്റും ആഭരണത്തിന്റെ ഫോട്ടോയും സ്ഥാപനം ഇടപാടുകാരന് നല്‍കണം.

വായ്പ തുക പണമായി നല്‍കാം

20,000 രൂപയ്ക്ക് മുകളിലുളള വായ്പകള്‍ എല്ലാം തന്നെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ നല്‍കാവൂ എന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. കഴിവതും അങ്ങനെ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉള്ളത്. വായ്പ തിരിച്ചടച്ചാല്‍ അന്നുതന്നെ പണയ സ്വര്‍ണം തിരിച്ച് നല്‍കണം എന്തെങ്കിലും കാരണത്താല്‍ അന്ന് തിരിച്ചുനല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമാവധി ഏഴ് ദിവസത്തിനകം സ്വര്‍ണം തിരികെ നല്‍കണം. തക്കതായ കാരണങ്ങള്‍ ഇല്ലാതെ താമസം വരുത്തിയാല്‍ ഓരോ ദിവസത്തിനും പണയം വച്ച ആള്‍ക്ക് 5000 രൂപ വീതം നഷ്ടപരിഹാരം നല്‍കണം.

ADVERTISEMENT
error: Content is protected !!