30.1 C
Kunnamkulam
Wednesday, September 2, 2026
Home Bureaus Kechery ചൂണ്ടലില്‍ ഹരിത കര്‍മ്മസേനയുടെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ മോഷണം

ചൂണ്ടലില്‍ ഹരിത കര്‍മ്മസേനയുടെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ മോഷണം

47

ചൂണ്ടല്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ മോഷണം. കഴിഞ്ഞ ദിവസമാണ് മണലിയിലുള്ള മാലിന്യ ശേഖരണകേന്ദ്രത്തില്‍ മോഷണം നടന്നത്. ഹരിതകര്‍മസേനാംഗങ്ങള്‍ ചായ തയ്യാറാക്കുന്നതിനായി, പരിവെടുത്ത് വാങ്ങിയ ഇന്റന്‍ഷന്‍ കുക്കറാണ് മോഷണം പോയിട്ടുള്ളത്. മാലിന്യ ശേഖരണകേന്ദ്രത്തിന്റെ പൂട്ട് താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയിട്ടുള്ളത്. സാധാരണ നിലയില്‍ മാലിന്യ ശേഖരണ കേന്ദ്രം പൂട്ടി പോകുന്ന സമയത്ത് ഇതിന് സമീപത്ത് തന്നെ താക്കോല്‍ സൂക്ഷിക്കാറാണ് പതിവ്. ഇത് കൃത്യമായി അറിയുന്നവരാണ് മോഷണം നടത്തിയതിന് പിന്നിലെന്നാണ് കരുതുന്നത്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍, അവധി ദിവസം കഴിഞ്ഞ് വന്നപ്പോഴാണ് ഇന്റന്‍ഷന്‍ കുക്കര്‍ മോഷണം പോയതായി മനസ്സിലാക്കിയത്. കൂടാതെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ പാത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലും, തൊഴിലാളികള്‍ ഉപയോഗിക്കുന്ന ശുചിമുറി വൃത്തീഹീനമാക്കിയ സ്ഥിതിയിലുമായിരുന്നുവെന്ന് പറയുന്നു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ സംഘടനയുടെ ഏരിയാ ഭാരവാഹിയും ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ പി.ടി.ജോസ്, സ്ഥലം സന്ദര്‍ശിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് അധികൃതര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!