തൃശൂര്‍ പൂരത്തിന് ഇന്ന്
കൊടിയേറ്റം. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും മെയ് നാലിന് നടക്കും. പൂരവിളംബരമായി അഞ്ചിന് രാവിലെ ഒമ്പതിന് കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരങ്ങളുടെ പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.
തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധന്‍ പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകല്‍ മൂന്നിന് ക്ഷേത്രത്തില്‍ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.
പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്. തുടര്‍ന്ന് ദേശക്കാര്‍ കൊടി ഉയര്‍ത്തും. പരമ്പരാഗത അവകാശി ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും പൂരക്കൊടി ഉയര്‍ത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥന്‍ തിടമ്പേറ്റും. കിഴക്കൂട്ട് അനിയന്‍ മാരാര്‍ പ്രാമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് എന്നി ഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച കൊടിയേറും