ഇന്ന് ലോക വിദ്യാര്ത്ഥി ദിനം. ഇന്ത്യയുടെ മിസൈല് മാന് ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ജന്മദിനമാണ് ലോകമെങ്ങും വിദ്യാര്ത്ഥി ദിനമായി ആഘോഷിക്കുന്നത്. വിദ്യാര്ത്ഥികളെ സ്വപ്നം കാണാനും ആ സ്വപ്നങ്ങള്ക്ക് ചിറകുനല്കാനും പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകന്റെ ഓര്മ്മകളെ സ്മരിക്കുകയാണ് രാജ്യം.1931 ഒക്ടോബര് 15-ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് അദ്ദേഹത്തിന്റെ ജനനം.തന്നെ ഒരു അധ്യാപകനായി ഓര്ക്കപ്പെടാനാണ് ഏറ്റവും കൂടുതല് ആഗ്രഹിച്ചതെന്ന് തുറന്നുപറഞ്ഞ വ്യക്തിത്വമായിരുന്നു ഡോ. എ.പി.ജെ. അബ്ദുള് കലാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാര്ത്ഥി ദിനമായി ഐക്യരാഷ്ട്രസഭ അടയാളപ്പെടുത്തിയത്.രാഷ്ട്രപതി ഭവന്റെ ഔദ്യോഗിക പകിട്ടുകളേക്കാള് സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളോട് സംസാരിക്കാനാണ് അദ്ദേഹം എന്നും സമയം കണ്ടെത്തിയത്. വലിയ ലക്ഷ്യങ്ങള് കാണുക, അതിനായി കഠിനാധ്വാനം ചെയ്യുക,എന്ന ലളിതമായ സന്ദേശം അദ്ദേഹം വിദ്യാര്ത്ഥികള്ക്കായി മുന്നോട്ടുവെച്ചു.



