കേച്ചേരി മണലിയില്‍ യുവാവിനെ കമ്പികൊണ്ട് ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മണലി തെങ്ങ് സ്വദേശി വെള്ളാരാട്ടില്‍ സുനിലിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കമ്പികൊണ്ട് ആക്രമിച്ച സംഭവത്തില്‍ മണലി സ്വദേശി പുതുവീട്ടില്‍ അബ്ദുള്‍ റഹീം എന്ന പോത്ത് റഹീം, മണലി നാലകത്ത് വീട്ടില്‍ ഷിഹാബുദ്ദീന്‍ എന്നിവരെയാണ് കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ ടി. മേപ്പുള്ളിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരമാണ് സുനിലിനെ ഇരുവരും ചേര്‍ന്ന് അക്രമിച്ചത്. ഇരുമ്പ് വടികൊണ്ട് കാലിന് പരിക്കേറ്റ സുനില്‍ കുന്നംകുളം ഗവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തലക്കോട്ടുകരയില്‍വെച്ച് സുനിലിന്റെ സഹോദരന്‍ കിഷോറും മക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ റഹീം, വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമുണ്ടായതായി പറയുന്നു. തുടര്‍ന്ന് സുനിലിനെ വിളിച്ചുവരുത്തി. സുനില്‍ സംസാരിച്ച് റഹീമിന്റെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങിയതിനെ തുടര്‍ന്ന് കിഷോറും കുടുംബവും വാഹനവുമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് റഹീം ഷിഹാബിനൊപ്പം എത്തി സുനിലിനെ ആക്രമിച്ചതെന്ന് പറയുന്നു.



