കടങ്ങോട് ഹോട്ടല്‍ മാലിന്യം തള്ളാനെത്തിയ രണ്ട് ടാങ്കര്‍ ലോറികള്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.നഗരത്തിലെ ഹോട്ടലുകളില്‍ നിന്നുള്ള മാലിന്യങ്ങളുമായി എത്തിയ കാട്ടകാമ്പാല്‍ സ്വദേശി ഹാസിറിന്റെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറികളാണ് പിടിയിലായത്. ആദ്യം മാലിന്യം നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന സ്ഥലത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുമെന്ന് കണ്ടതോടെ സംഘം വാഹനങ്ങളുമായി മറ്റൊരു ഭാഗത്തേക്ക് മാറുകയായിരുന്നു. വാഹനങ്ങളുടെ നീക്കത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ടാങ്കറുകളില്‍ ഹോട്ടല്‍ മാലിന്യമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തുകയും വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ചിറമനേങ്ങാട് പ്രദേശത്തുനിന്നും സമാനമായി ഹോട്ടല്‍ മാലിന്യം തള്ളുന്ന വാഹനം നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. നേരത്തെയും ഇത്തരത്തില്‍ മാലിന്യം തള്ളിയ സംഘം തന്നെയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. കടങ്ങോട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി മാലിന്യം തള്ളുന്നത് തുടര്‍ച്ചയായതോടെ നാട്ടുകാരില്‍ ആശങ്ക ഏറിയിരിക്കുകയാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും വാര്‍ഡ് മെമ്പറുമായ യു.വി.ഗിരീഷ് ആവശ്യപ്പെട്ടു.



