ജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ യുഡിഎഫ്; കണക്കുകൾ കൃത്യമാക്കാൻ നിർദേശം, ജില്ലാ തലത്തിൽ പരിശോധിക്കും

അത്യന്തം ജാഗ്രതയോടെ വോട്ടെണ്ണലിന് നീങ്ങാൻ തയ്യാറെടുത്ത് യുഡിഎഫ്. ബൂത്തിലെ വോട്ടു കണക്കും വോട്ടിം​ഗ് യന്ത്രത്തിലെ വോട്ടുകണക്കും ഒന്നാണെന്ന് നിര്‍ബന്ധമായും ഉറപ്പാക്കണമെന്നാണ് ഏജന്‍റുമാര്‍ക്കുള്ള നിര്‍ദ്ദേശം. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ ശ്രദ്ധ വേണമെന്ന് പ്രതിപക്ഷ നേതാവ് സ്ഥാനാര്‍ഥികളോടും ഡിസിസി പ്രസിഡന്‍റുമാരോടും ആവശ്യപ്പെട്ടിരുന്നു.

ഓരോ ബൂത്തിലും എത്ര പേര്‍ വോട്ടു ചെയ്തുവെന്നും ഇത് വ്യക്തമാക്കുന്ന ഒപ്പിട്ട ഫോം 17 സി രേഖയും ബൂത്തുകളിൽ ഏജന്‍റുമാര്‍ക്ക് ഉദ്യോഗസ്ഥര്‍ നൽകിയിട്ടുണ്ട്. ഈ രേഖ സമാഹരിച്ച് ജില്ലാ തലത്തിൽ യുഡിഎഫ് പരിശോധിക്കും. ഇത് വിലയിരുത്തി വോട്ടെണ്ണൽ കേന്ദ്രത്തിൽ എടുക്കേണ്ട നിലപാട് കൈക്കൊള്ളും. പോളിങ് ശതമാന കണക്ക് വൈകിയെന്ന പരാതിക്കിടെയാണ് മുന്നണിയുടെ നീക്കം. എന്നാൽ തപാൽ വോട്ടുകളുടെ കണക്ക് കൃത്യമാക്കാനുള്ള സമയം മാത്രമാണ് എടുത്തതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം. വോട്ടിം​ഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ക്ക് മുന്നിൽ കാവൽ നിൽക്കണമെന്ന പ്രചാരണവും യുഡിഎഫ് അണികള്‍ക്കിടിയിലുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നായിരുന്നു കമ്മീഷൻ മറുപടി. ഇതിന് പിന്നാലെയാണ് വോട്ടിം​ഗ് കേന്ദ്രങ്ങളിലെ ക്യാമറകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ മുഴുവൻ സമയം സ്ഥാനാര്‍ഥിയുടെ പ്രതിനിധിയെ ഇരുത്തണമണെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകിയത്.

ADVERTISEMENT