30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കളക്ടറുമായി സംവദിച്ച് വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കളക്ടറുമായി സംവദിച്ച് വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

0

പ്രധാന അധ്യാപകന്‍ വാക്ക് പാലിച്ചു. കളക്ടറുമായി സംവദിച്ച് വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പഠനമികവിന് കിട്ടിയ സമ്മാനമായിട്ടാണ് ജില്ലാ കളക്ടറുമായി നേരിട്ട് സംവദിക്കാനുള്ള അപൂര്‍വ അവസരം വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യു.പി. സ്‌കൂളിലെ കുരുന്നുകള്‍ക്ക് ലഭിച്ചത്.പാദവാര്‍ഷിക പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐഎഎസുമായി കൂടിക്കാഴ്ച നടത്താനും സംവദിക്കാനും അവസരം ലഭിച്ചത്. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികള്‍ക്ക് ജില്ലാ കളക്ടറുമായി സംവദിക്കാന്‍ അവസരം ഒരുക്കുമെന്ന് പ്രധാനാധ്യാപകന്‍ ടി.ആന്റണി ഫ്രാന്‍സിസ് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ കൂടുതല്‍ ആവേശത്തോടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ നേട്ടത്തിന്റെ ഭാഗമായി കളക്ടറുമായി നേരിട്ട് സംസാരിക്കാനായി.പി.ടി.എ. പ്രസിഡന്റ് രമേഷ് ചേമ്പിലിന്റെ നിര്‍ദേശപ്രകാരമാണ് വ്യത്യസ്ഥതയാര്‍ന്ന പ്രവര്‍ത്തനം സംഘടിപ്പിച്ചത്. എങ്ങനെ പഠിക്കണം, ഉയര്‍ന്ന ജോലികള്‍ നേടാന്‍ എന്തൊക്കെ ചെയ്യണം, പഠനത്തിന്റെ മൂല്യം എന്താണ്, സ്ത്രീകള്‍ക്ക് എങ്ങനെ ഉന്നത പദവികള്‍ അലങ്കരിക്കാന്‍ കഴിയും തുടങ്ങി നിരവധി ചോദ്യങ്ങളാണ് കുരുന്നുകള്‍ കളക്ടറോട് ചോദിച്ചത്. കുട്ടികളുടെ ഓരോ സംശയങ്ങള്‍ക്കും കളക്ടര്‍ ലളിതമായ രീതിയില്‍ മറുപടി നല്‍കുകയും പഠനത്തിലും ജീവിതത്തിലും മുന്നേറാനുള്ള പ്രചോദനം നല്‍കുകയും ചെയ്തു. കളക്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കാനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു. വിജിലന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, ക്രൈം ബ്രാഞ്ച്, ശിശു വകുപ്പ് തുടങ്ങി എട്ടോളം ഓഫീസുകള്‍ സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ വിവിധ ഓഫീസ് മേധാവികളുമായി ആശയവിനിമയം നടത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവിനൊപ്പം സമൂഹത്തിന്റെ യഥാര്‍ഥ പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞ അനുഭവം കുട്ടികള്‍ക്ക് ഏറെ കൗതുകവും അറിവും പകര്‍ന്നു. പ്രധാനധ്യാപകനോടൊപ്പം അധ്യാപകരായ ജീന, ഷാര്‍ജി, വിനോജ് എന്നിവരും കുട്ടികള്‍ക്കൊപ്പം വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഉണ്ടായിരുന്നു.

 

 

ADVERTISEMENT
error: Content is protected !!